ലിവിംഗ് 2-ഗതർ
ചെറുകഥ ലിവിംഗ് 2-ഗതർ സെമിസ്ലീപ്പർ എസി ബസ് രാത്രിയാത്രയ്ക്ക് തയ്യാറായി നിൽക്കുന്നു. ആദ്യം ബസിൽ കയറിയത് അവനാണ്. വെടിപ്പാക്കി സുഗന്ധമടിച്ച ബസിനുളളിൽ സീറ്റുനമ്പർ കണ്ടുപിടിച്ച് അവൻ ഇരുപ്പുറപ്പിച്ചു. മൂന്നുപേർക്കിരിക്കാവുന്നതിൽ നടുക്കത്തേതാണ് അവൻ്റെ സീറ്റ്. യാത്രക്കാർ ഓരോരുത്തരായി ബസിനുളളിലേയ്ക്ക് വന്നു തുടങ്ങി. കയ്യിലൊരു സ്യൂട്ട് കേയ്സുമായി ആദ്യം കയറിയാൾക്ക് വിൽസിൻ്റെയും ബിയറിൻ്റെയും ഗന്ധമായിരുന്നു. അതിനുശേഷം വന്ന മൂന്നു ചെറുപ്പക്കാർ വിയർപ്പിൻ്റെ ഗന്ധം അവനുനേരെ വീശിയെറിഞ്ഞ് കടന്നു പോയി. ഓരോരുത്തരുടെ വിയർപ്പിനും ഓരോ ഗന്ധം. പിന്നീട് കയറിയത് കുറച്ച് സ്ത്രീകളായിരുന്നു. ഓരോരുത്തരും വിവിധ പെർഫ്യൂമുകളുടെ ഗന്ധം വിതറിക്കൊണ്ടാണ് ബസിനുളളിലേയ്ക്ക് വന്നത്. കടന്നു പോയ ഓരോ പെണ്ണുങ്ങളുടെയും പെർഫ്യൂമുകളുടെ ഗന്ധം അവൻ വലിച്ചെടുത്തു, റോസ്..ലൈലാക്.. ലാവൻഡർ…പീച്ച്…ബെറീസ്….സാൻഡൽ.. അവസാനം നടന്നുപോയ രണ്ടു കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മമാരുടെ പെർഫ്യൂമിന്റെ ഗന്ധമായിരുന്നു. ആ ഗന്ധങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് കുറെ ആണുങ്ങൾ ബസിലേയ്ക്ക് പ്രവേശിച്ചു. എഴുപതുകാരൻ മുതൽ ടീനേജ് പിള്ളാരുവരെയുണ്ട്. ആണുങ്ങൾക്ക് എല്ലാവ...