ബാഡ് ടച്ച്
ബാഡ് ടച്ച്
സമയം രാത്രി ഒമ്പതരയായിക്കാണും. ആടുജീവിതം പകുതി വായിച്ചുകഴിഞ്ഞപ്പോഴേയ്ക്കും തീവണ്ടി കായംകുളം സ്റ്റേഷൻ പിന്നിട്ടിരുന്നു. അവിടെനിന്നാണ് കയ്യിൽ മുഷിഞ്ഞ പ്ലാസ്റ്റിക് കവർ തൂക്കിപ്പിടിച്ച് അയാൾ കയറിയതെന്നു തോന്നുന്നു. സൈഡ്ലോവർബർത്തിൽ കിടക്കുകയായിരുന്ന എന്നോടാണ് അയാൾ ടിക്കറ്റ് നീട്ടി സീറ്റ് നമ്പർ കാണിച്ചുതരാൻ അഭ്യർത്ഥിച്ചത്. അതേ കൂപ്പയിൽ ലോവർബർത്തിൽ ഒരു സ്ത്രീ കിടപ്പുണ്ട്, നടുക്കത്തേതിൽ അവരുടെ മകളാണെന്നു തോന്നുന്നു. ഏതാണ്ട് ഒമ്പതു വയസുതോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി. അതിനും മുകളിലാണ് അയാളുടെ നമ്പർ. അയാളുടെ കിടക്ക കാട്ടിക്കൊടുത്ത ശേഷം ഞാൻ വായനയിലേയ്ക്ക് മടങ്ങി. വളരെ പാടുപെട്ട് ഇരുമ്പേണിയിലൂടെ അയാൾ മുകളിലേയ്ക്ക് കയറുന്നുണ്ടായിരുന്നു.
ഉറങ്ങാൻ സമയമായെന്ന അറിയിപ്പ് പോലെ ലോവർ ബർത്തിലെ സ്ത്രീ ലൈറ്റ് അണച്ചു. വായന മുടങ്ങിയ ഞാൻ ചാഞ്ഞു കിടന്നു. എല്ലാവരും ഉറക്കത്തിലേയ്ക്ക്. തീവണ്ടിയുടെ മുഴക്കം മാത്രം. മുകളിലേക്ക് കയറിയ വയസന്റെ പാടുപെട്ടുളള ശ്വാസം വലി നന്നായി കേൾക്കാം. അയാൾ എഴുന്നേറ്റിരുന്ന് പ്ലാസ്റ്റിക് കവർ തുറന്ന് എന്തൊക്കെയോ കയ്യിലെടുത്ത് മൂക്കിലേയ്ക്ക് വലിക്കാൻ ശ്രമിക്കുന്നു, ഇരുട്ടത്ത് ഒന്നും വ്യക്തമാകുന്നില്ല. അയാളുടെ കയ്യിൽ നിന്നും എന്തോ ഒന്ന് താഴേയ്ക്ക് തെറിച്ചു വീണു.
“അയ്യോ അതുപോയല്ലോ” അയാൾ നിരാശനായി പറയുന്നത് ഞാൻ കേട്ടു.
മൊബൈൽ ടോർച്ച് അയാളുടെ മുഖത്തേയ്ക്ക് തെളിച്ച് ഞാൻ ചോദിച്ചു “എന്താ ചേട്ടാ എന്തു പറ്റി?”
“ആസ്ത്മയ്ക്കുളള ഇൻഹേലറിൻ്റെ മരുന്ന് താഴെവീണു മോനെ. എവിടെയോ ഉരുണ്ടു പോയിട്ടുണ്ടാകും. അതില്ലെങ്കിൽ ഞാൻ ശ്വാസം എടുക്കാനാകാതെ ചത്തുപോകുകയേ ഉളളു.” ഉച്ചത്തിൽ ശ്വാസം വലിച്ചുകൊണ്ട് അയാൾ പറഞ്ഞു,
ശ്വാസം കിട്ടാതെ പിടയുന്ന മുഖമായിരുന്നു അപ്പോൾ അയാളുടേത്. ഞാൻ മൊബൈൽ ടോർച്ചിലൂടെ തറയിലാകെ പരതി മരുന്ന് കണ്ടെത്തി മുകളിലേക്ക് വച്ചു നീട്ടി. അത് കിട്ടിയയുടൻ ഇൻഹേലറിൽ വച്ച് ആർത്തിയോടെ അയാൾ വലിച്ചു. ജീവൻ തിരിച്ചുകിട്ടിയപോലെ അയാൾ സന്തോഷിക്കുന്നത് ഇരുട്ടത്താണെങ്കിലും ഞാനറിഞ്ഞു. കീഴേ ബർത്തിലെയും നടുബർത്തിലെയും അമ്മയും മകളും ഇതൊന്നുമറിയാതെ ഉറക്കമാണ്. ഞാനും പതിയെ ഉറക്കത്തിലേയ്ക്ക് വീണു.
ഏതാണ്ട് രാത്രി ഒന്നരമണിയോടെ ആ ഒൻപതുവയസുകാരിയുടെ നിലവിളി കേട്ടാണ് ബോഗിയിലുളളവർ ഉണർന്നത്. ബോഗിയാകെ ലൈറ്റ് തെളിഞ്ഞു. ആൾക്കാർ ഓടിക്കൂടി. ആരാണ് കുഞ്ഞിനെ ഉപദ്രവിച്ചത്?
“ഞാൻ ഉറങ്ങിക്കിടന്നപ്പോൾ ഈ അങ്കിൾ എന്നെ ബാഡ് ടച്ച് ചെയ്തു”
ഒൻപതുവയസുകാരി മുകളിലത്തെ ബർത്തിലുളള വയസനെ ചൂണ്ടി ആൾക്കാരോട് പറഞ്ഞു.
“എടാ കിളവാ ചെറുമോളാകാൻ പ്രായമില്ലാത്ത കുഞ്ഞിനോടാണോടാ കാമം?”
എല്ലാവരും ആക്രോശിച്ചുകൊണ്ട് അയാളെ വലിച്ച് താഴെയിട്ട് തല്ലിച്ചതച്ചു. ശ്വാസം എടുക്കാൻ അയാൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു. കൂട്ടത്തിലൊരാൾ പോലീസിനെ വിളിച്ചു.
“എന്റെ മരുന്ന് താഴെ വീണത് എടുക്കാൻ നോക്കിയതാ “
രണ്ടുകൈകളും കൊണ്ട് ഇൻഹേലർ ചേർത്തു പിടിച്ച് അയാൾ പറയുന്നത് ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
പോലീസ് വന്നു. കുഞ്ഞുകുട്ടിയോട് കാമഭ്രാന്ത് കാട്ടിയവനെ ആ രീതിക്ക് തന്നെ അവർ കൈകാര്യം ചെയ്തു. ചിലർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി, വാട്സാപ്പിൽ ആ രംഗങ്ങൾ ചൂടൊടെ സെൻ്റ് ചെയ്യപ്പെട്ടു.
ആ ബഹളത്തിനിടയിൽ അയാൾ വിങ്ങിപ്പൊട്ടിക്കൊണ്ട് എന്നോട് പറഞ്ഞു:
“എന്റെ മരുന്ന് താഴെവീണത് മോൻ ഒരു തവണ എടുത്തു തന്നതല്ലേ. രാത്രി ശ്വാസം കിട്ടാതെ ഇൻഹേലർ വലിച്ചപ്പോൾ മരുന്ന് താഴേയക്ക് വീഴാൻ പോയി. പെട്ടെന്ന് ഞാൻ കൈകൊണ്ട് പിടിക്കാനാഞ്ഞപ്പോൾ കയ്യിൽ നിന്ന് തെന്നി അത് താഴത്തെ ബെർത്തിൽ വീണു. രാതിയല്ലേ, കുഞ്ഞിനെ ഉണർത്തണ്ട എന്നു കരുതി ഞാൻ അത് എടുക്കാൻ നോക്കിയതാ. ഇരുട്ടായതിനാൽ ഒന്നും കാണാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കുഞ്ഞ് നില വിളിച്ചു.”
അയാളുടെ ദീനസ്വരത്തിൽ നിന്നും എനിക്ക് കാര്യം മനസിലായെങ്കിലും രോഷാകുലരായ ആ ആൾക്കൂട്ടത്തിനുമുന്നിൽ ഞാൻ നിസഹായനായിരുന്നു. മൊബൈലിൽ വാട്സാപ്പ് ചിലച്ചു. തുറന്നുനോക്കുമ്പോഴേയക്ക് ആ വീഡിയോ എന്റെ ഫോണിലും എത്തിപ്പെട്ടിരുന്നു. ‘ട്രെയിനിൽ ബാലികയ്ക്കു നേരെ വയസന്റെ ലൈഗികാതിക്രമം’ എന്ന ടൈറ്റിലിൽ വീഡിയോ ആ രാത്രിതന്നെ വൈറലായിരുന്നു. അടികൊണ്ട് പോലീസുകാരുടെയിടയിൽ ഭീതിയോടെയിരിക്കുന്ന അയാളുടെ മുഖം കവർചിത്രമാക്കി ഓൺലൈൻ മീഡിയകൾ വാർത്ത രചിക്കുന്ന തിരക്കിലായിരുന്നിരിക്കണം.
അടുത്തസ്റ്റേഷനിൽ എത്തിയശേഷം അയാളെ പുറത്തിറക്കി കുട്ടിയുടെയും അമ്മയുടെയും പരാതിയും മൊഴിയും രേഖപ്പെടുത്തിയ ശേഷമേ ട്രെയിൻ പോകുകയുളളു. തുടർന്ന് പോക്സോ കേസ് ചാർജ് ചെയ്ത് അയാളെ റിമാൻഡ് ചെയ്യും, പിന്നെ പത്രവാർത്ത -അപമാനം-കുഞ്ഞുകുട്ടിയോട് കാമവെറി കാട്ടിയതിന് ഉറ്റബന്ധുക്കൾ വരെ അയാളെ കയ്യൊഴിയും- ഇതൊക്കെയാണ് അയാളെ കാത്തിരിക്കുന്നത്. ജീവിതം മുഴുവൻ ഇനി അയാൾക്ക് ആടുജീവിതം. ദൈവമേ, ആടുജീവിതത്തിലെ നജീബിനെ എനിക്ക് ഓർമ്മ വന്നു.
ട്രെയിൻ അടുത്ത സ്റ്റേഷനെത്താൻ ഇനി അരമണിക്കൂറെടുക്കും. അമ്മയും മകളും ബർത്ത് മടക്കിവച്ച് അടുത്ത സ്റ്റേഷനെത്തുന്നതും കാത്ത് ഉറക്കം ഉപേക്ഷിച്ച് ലൈറ്റിട്ട് ഇരുപ്പാണ്. ഞാനും ആ സൈഡ് ബർത്തിൽ ഉറങ്ങാതെ ഇരുന്നു.
പെട്ടെന്നാണ് ആ മരുന്ന് കുട്ടിയുടെ കാൽക്കൽ കിടക്കുന്നത് എന്റെ ശ്രദ്ധയിൽ വന്നത്.
“ദേ മോളുടെ മരുന്നുഡപ്പിയല്ലേ അത് എടുത്തു വയ്ക്കൂ” -സംസാരത്തിനു തുടക്കമിടാനായി ഞാൻ പറഞ്ഞു.
“അത് എന്റേതല്ല”.
“പിന്നെ ആരുടേതാ”
“അറിയില്ല”
“ആ അങ്കിളിൻറെയാണെങ്കിലോ?”
“എത്? ആ ബാഡ് ടച്ച് ചെയ്ത അയാളുടെയോ?” കുട്ടിയുടെ അമ്മ ചോദിച്ചു.
അത് ശ്രദ്ധിക്കാത്ത രീതിയിൽ ഞാൻ കുട്ടിയോട് ചോദിച്ചു “ ആ അങ്കിൾ മരുന്നുഡപ്പി മോളുടെ ബെർത്തിൽ വീണത് തപ്പിയെടുത്തപ്പോൾ അറിയാതെ ബാഡ് ടച്ച് ആയതാണെന്നാ പറയുന്നത്. അങ്ങനെ ടച്ച് ചെയ്താൽ അത് ബാഡ് ടച്ചാണോ?”
“ആ അതെ, സ്കൂളിൽ ടീച്ചർ പഠിപ്പിച്ചതാ. ശരിയല്ലാത്ത ഭാഗത്ത് ആര് ടച്ച് ചെയ്താലും അത് ബാഡ് ടച്ച് ആണ്. അപ്പോൾ തന്നെ പ്രതികരിക്കണം എന്ന് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്” അവൾ പറഞ്ഞു.
“ആഹാ” ഒരു വിദ്യാർത്ഥിയെപ്പോലെ ശ്രദ്ധിക്കുന്നതായി ഭാവിച്ചുകൊണ്ട് സംശയരൂപത്തിൽ ഞാൻ ചോദിച്ചു: “അപ്പോൾ സ്കൂളിൽഏതൊക്കെ ടച്ച് പഠിപ്പിച്ചു? ”
“ഗുഡ് ടച്ച് അതായത് നല്ല സ്പർശം, ബാഡ് ടച്ച് - ചീത്ത സ്പർശം അതായത് ശരീരത്തിൽ അന്യർ തൊടാൻ പാടില്ലാത്ത ഭാഗങ്ങളിൽ സ്പർശിക്കുന്നത് ”
“ഇതുരണ്ടുമല്ലാതെ മൂന്നാമതൊരു സ്പർശം ഞാൻ പറയട്ടെ, ‘അൺഇന്റൻഷണൽ ടച്ച്’ അഥവാ ‘മനപൂർവ്വമല്ലാത്ത സ്പർശം’.”
“അൺഇൻറൻഷണൽ ടച്ചോ?അത് സ്കൂളിൽ പഠിപ്പിച്ചില്ലല്ലോ."
-അവൾ സംശയം പ്രകടിപ്പിച്ചു.
ഞാൻ പറഞ്ഞു. “നമ്മളെ സ്കൂളിൽ പഠിപ്പിക്കുന്നത് പലപ്പോഴും പൂർണമല്ല മോളെ, ആ അങ്കിൾ മോളെ ഉണർത്താതെ മരുന്ന് എടുക്കാൻ ശ്രമിച്ചപ്പോൾ അറിയാതെ ടച്ച് ആയതാണെങ്കിൽ അത് മനപ്പൂർവ്വം അല്ലാത്ത സ്പർശം-അൺഇൻ്റൻഷണൽ ടച്ച് ആണ്. അത് ശരീരത്തിൻ്റെ ഏതു ഭാഗത്തായാലും ചീത്തസ്പർശം അല്ല, മോൾക്ക് ഞാൻ പറഞ്ഞത് മനസിലായെങ്കിൽ മോൾ അമ്മയേയും കൂട്ടി വരൂ. പോലീസുകാർ അയാളെയും കൊണ്ട് അപ്പുറത്ത് ഇരിപ്പുണ്ട്. അവരോട് വിവരം പറയാം.”
മരുന്നുഡപ്പി തിരികെ നൽകിക്കൊണ്ട് അവൾ അയാളോടും പോലീസുകാരോടുമായി പറഞ്ഞു, “ഇതാ അങ്കിളിന്റെ മരുന്ന്. അങ്കിൾ ചെയ്തത് ചീത്തസ്പർശം അല്ല മനപ്പൂർവമല്ലാത്ത സ്പർശം ആണ്. മരുന്നുഡപ്പി എടുക്കാൻ ശ്രമിച്ചപ്പോൾ അറിയാതെ പറ്റിയ ടച്ച് ആണ്. അത് ബാഡ് ടച്ച് അല്ല. മനപൂർവ്വമല്ലാത്ത സ്പർശം ചീത്തസ്പർശം അല്ല.“
“അയാളെ വെറുതെ വിട്ടേയ്ക്കൂ സർ, ഞങ്ങൾക്ക് പരാതിയില്ല.” -അവളുടെ അമ്മ പോലീസുകാരോട് പറഞ്ഞു.
“ക്ഷമിക്കണം സഹോദരി, ഞങ്ങൾക്ക് ഇനി ഒന്നും ചെയ്യാനാകില്ല. കാരണം നിങ്ങൾ പിൻമാറിയാലും ഇയാളെപ്പറ്റിയുളള വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചുകഴിഞ്ഞു. ലോകത്തിനു മുന്നിൽ ഇനി ഇയാൾ കുറ്റവാളിയാണ്. ഇയാൾ കുറ്റം ചെയ്തില്ല എന്നത് എനിക്കും നിങ്ങൾക്കും മാത്രം അറിയാവുന്ന സത്യം പക്ഷേ, സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ ഉയരുന്ന ജനരോഷം ഇല്ലാതാക്കാൻ നിങ്ങൾക്കോ എനിക്കോ ആകില്ല. ഇയാളെ ഞങ്ങൾ വിട്ടയച്ചാൽ ഞങ്ങളുടെ പണി തെറിക്കും.” ഭീതിയോടെ പോലീസുകാരിലൊരാൾ പറഞ്ഞതുകേട്ട് വയസ്സൻ പൊട്ടിക്കരഞ്ഞു പോയി.
ഒരു ചെറുപുഞ്ചിരിയോടെ ഞാൻ ആ മോളെ നോക്കി. ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായപോലെ, അവൾ അപ്പോൾത്തന്നെ അയാൾക്കൊപ്പം ഒരു സെൽഫി എടുത്ത് അയാൾ ചെയ്തത് മനപ്പൂർവ്വമല്ലാത്ത ടച്ച് ആണെന്ന് കാട്ടി വാട്സാപ്പിൽ ഒരു വീഡിയോ ഇട്ടു. ബെന്യാമിന്റെ ആടുജീവിതം പോലെ അത് എല്ലാവരിലും എത്തിപ്പെട്ടു. അവളെ അഭിനന്ദിച്ചുകൊണ്ട് പോലീസ് അയാളെ വിട്ടയച്ചു. അയാൾ മറ്റൊരു നജീബ് ആയി. നജീബിനുമുന്നിൽ അവതരിച്ച ഇബ്രാഹിംഖാദിരിയെന്നപോലെ അയാൾ എന്നെ നന്ദിയോടെ നോക്കുന്നുണ്ടായിരുന്നു.
യാത്രകഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ, പകുതി മാത്രം പഠിപ്പിച്ച ആ പാഠപുസ്തകത്തിൽ കട്ടിയുളള മഷിയിൽ അവൾ ഇതുകൂടി എഴുതിച്ചേർത്തു. “അൺഇൻ്റൻഷണൽ ടച്ച് അഥവാ മനപൂർവമല്ലാത്ത സ്പർശം ബാഡ് ടച്ച് അല്ല”.
~ശ്രീരാജ് എസ് ആറ്റിങ്ങൽ
9447782277
Comments
Post a Comment