ലിവിംഗ് 2-ഗതർ
ചെറുകഥ
ലിവിംഗ് 2-ഗതർ
സെമിസ്ലീപ്പർ എസി ബസ് രാത്രിയാത്രയ്ക്ക് തയ്യാറായി നിൽക്കുന്നു. ആദ്യം ബസിൽ കയറിയത് അവനാണ്. വെടിപ്പാക്കി സുഗന്ധമടിച്ച ബസിനുളളിൽ സീറ്റുനമ്പർ കണ്ടുപിടിച്ച് അവൻ ഇരുപ്പുറപ്പിച്ചു. മൂന്നുപേർക്കിരിക്കാവുന്നതിൽ നടുക്കത്തേതാണ് അവൻ്റെ സീറ്റ്. യാത്രക്കാർ ഓരോരുത്തരായി ബസിനുളളിലേയ്ക്ക് വന്നു തുടങ്ങി. കയ്യിലൊരു സ്യൂട്ട് കേയ്സുമായി ആദ്യം കയറിയാൾക്ക് വിൽസിൻ്റെയും ബിയറിൻ്റെയും ഗന്ധമായിരുന്നു. അതിനുശേഷം വന്ന മൂന്നു ചെറുപ്പക്കാർ വിയർപ്പിൻ്റെ ഗന്ധം അവനുനേരെ വീശിയെറിഞ്ഞ് കടന്നു പോയി. ഓരോരുത്തരുടെ വിയർപ്പിനും ഓരോ ഗന്ധം. പിന്നീട് കയറിയത് കുറച്ച് സ്ത്രീകളായിരുന്നു. ഓരോരുത്തരും വിവിധ പെർഫ്യൂമുകളുടെ ഗന്ധം വിതറിക്കൊണ്ടാണ് ബസിനുളളിലേയ്ക്ക് വന്നത്. കടന്നു പോയ ഓരോ പെണ്ണുങ്ങളുടെയും പെർഫ്യൂമുകളുടെ ഗന്ധം അവൻ വലിച്ചെടുത്തു, റോസ്..ലൈലാക്.. ലാവൻഡർ…പീച്ച്…ബെറീസ്….സാൻഡൽ.. അവസാനം നടന്നുപോയ രണ്ടു കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മമാരുടെ പെർഫ്യൂമിന്റെ ഗന്ധമായിരുന്നു.
ആ ഗന്ധങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് കുറെ ആണുങ്ങൾ ബസിലേയ്ക്ക് പ്രവേശിച്ചു. എഴുപതുകാരൻ മുതൽ ടീനേജ് പിള്ളാരുവരെയുണ്ട്. ആണുങ്ങൾക്ക് എല്ലാവർക്കും അവരുടെ ഡ്രസിൻ്റെ ഗന്ധമാണ്. മുണ്ടുടത്തവരുടെ മുണ്ടിൻ്റെ ഗന്ധവും, ജീൻസിട്ടവരുടെ ജീൻസിൻ്റെ ഗന്ധവും ഷോർട്ട്സ് ഇട്ട ടീനേജ് പിള്ളേരുടെ ഷോർട്ട്സിൻ്റെ ഗന്ധവും സ്പോർട്സ് ജാക്കറ്റ് ഇട്ടവരുടെ ഗന്ധവും ഷെർവാണിയുടെ ഗന്ധവും ബസിനുള്ളിൽ പരന്നു. സീറ്റുകൾ യാത്രക്കാരെക്കൊണ്ട് നിറഞ്ഞു.
അവൻ്റെ ഇടതും വലതുമുള്ള സീറ്റുകളിൽ മാത്രം ഇതുവരെ ആളെത്തിയില്ല. ഒരു പുരുഷനും ഒരു സ്ത്രീയുമാണോ.. അതോ രണ്ടും പുരുഷൻമാരോ.. അതോ രണ്ടു സ്ത്രീകളോ? അവൻ അപരിചിതരായ ആ സഹയാത്രക്കാർക്കായി കാത്തിരുന്നു.
ബസ് യാത്രയാരംഭിക്കാനൊരുങ്ങവേ അവർ ഇരച്ചെത്തി, രണ്ടു പെണ്ണുങ്ങൾ, ഒരുവൾ ലഗ്ഗേജ് റാക്കിലേയ്ക്ക് ഉയർത്തിവയ്ക്കവേ പെൺവിയർപ്പിന്റെ ഗന്ധം അവൻ്റെ മൂക്കിൽ തുളച്ചുകയറിയെങ്കിലും അവളുടെ ലില്ലി ഫ്ലേവർ പെർഫ്യൂമിൻ്റെ ഗന്ധം പെട്ടെന്ന് അത് മായ്ച്ചുകളഞ്ഞു. ലില്ലിയുടെ ഗന്ധമുളള അവൾ അവൻ്റ വലതുവശത്ത് വിൻഡോസീറ്റിൽ ഇരുന്നു. ഇടതുവശത്ത് ഇരുന്നവൾക്ക് ജാസ്മിൻ്റെ ഗന്ധമായിരുന്നു. പെണ്ണുങ്ങളുടെ വിയർപ്പിനോ വസ്ത്രങ്ങൾക്കോ ഗന്ധമുണ്ടാകില്ല, അവരുടെ ഗന്ധം അവർ ഉപയോഗിക്കുന്ന സെൻ്റിൻ്റേതാണ്. രണ്ടു ഗന്ധങ്ങളും വേറിട്ട് ശ്വസിച്ചുകൊണ്ട് അവൻ നടുക്കിരുന്നു.
നഗരവീഥികളിലൂടെയും വിജനമായ ഹൈവേകളിലൂടെയും കൃഷിയിടങ്ങൾക്കിടയിലൂടെയും ബസ് രാത്രിയാത്ര തുടർന്നു. യാത്രയിൽ ബസിനുള്ളിൽ ആ രണ്ടു ഗന്ധങ്ങൾ അവനിൽ കൂടിക്കലർന്നു, അന്നുമുതൽ അവൻ ജാസ്മിന്റെയും ലില്ലിയുടെയും കൂടിക്കലർന്ന ഗന്ധമുള്ളവനായി മാറി.
ആഴ്ചകൾക്കകം അവൻ ഒരു ഫ്ലാറ്റ് വാങ്ങി ആ രണ്ടു പെണ്ണുങ്ങളുടെയൂം പേരിൽ രജിസ്റ്റർ ചെയ്തു. അതിലെ മുറിക്കുള്ളിൽ ലില്ലിയുടെയും ജാസ്മിൻ്റെയും അവൻ്റെയും ഗന്ധങ്ങൾ കൂടിക്കലർന്നു….
ഒരു തിങ്കളാഴ്ച വൈകുന്നേരം അവൻ ജോലികഴിഞ്ഞെത്തിയപ്പോൾ മറ്റേതോ പുരുഷൻ്റെ ഷെർവ്വാണിയുടെ ഗന്ധം ആ മുറിയിൽ നിറഞ്ഞിരുന്നു. കിടയ്ക്കയ്ക്കും അതേ ഷെർവാണിയുടെ മണമായിരുന്നു. പിന്നെ പലപല നാളുകൾ ആരുടെയൊക്കെയോ മുണ്ടിൻ്റെയും ജീൻ്സിൻ്റെയും ഷോർട്ട്സിൻ്റെയും ഒക്കെ ഗന്ധങ്ങൾ ആ കിടക്കയിൽ നിന്നും അവൻ മണത്തറിഞ്ഞു. ജാസ്മിന്റെയും ലില്ലിയുടെയും ഗന്ധം അവനിൽ നിന്നും അകന്നു. പതിയെ അവൻ ഗന്ധമില്ലാത്തവനായി മാറി.
മാസങ്ങൾക്കപ്പുറം സർക്കാരിൻറെ അമ്മത്തൊട്ടിലിൽ രണ്ടു പെൺപൈതങ്ങൾ വീണു. അമ്മമാരുടെ ഗന്ധമുണ്ടായിരുന്ന ആ കുഞ്ഞുങ്ങൾക്ക് അവിടെയുളള ആയമാർ ജാസ്മിൻ എന്നും ലില്ലി എന്നും പേരിട്ടു!!
ഒരു ദിനം പതിനഞ്ചാംനിലയിലെ ആ ഫ്ലാറ്റിലെ ജനൽതിട്ടയിൽ നിന്ന ഓർക്കിഡ് പുഷ്പങ്ങൾക്കൊപ്പം ഗന്ധമില്ലാത്ത ഒരു ആൺശരീരം താഴേയ്ക്ക് പതിച്ച് ചലനമറ്റു.
അവൻറെ ആയുഷ്കാല സമ്പാദ്യമായിരുന്ന പതിനഞ്ചാം നിലയിലെ ആ ഫ്ലാറ്റിൽ പിന്നെയും പുതിയ ആണുങ്ങളുടെ ഗന്ധങ്ങൾ നിറഞ്ഞു.
ശ്രീരാജ് എസ് ആറ്റിങ്ങൽ
9447782277
Comments
Post a Comment